ആഗോള വ്യാപാര വളർച്ചയിൽ കുറവ് പ്രതീക്ഷിക്കുന്നതായി ലോക വ്യാപാര സംഘടന

2022 ലെ ആഗോള വ്യാപാരത്തിലെ വളർച്ച 4.7 ശതമാനം ആയിരിക്കുമെന്നാണ് ലോക വ്യാപാര സംഘടന ആദ്യം പ്രവചിച്ചിരുന്നത്. എന്നാൽ ആഗോള വ്യാപാര വളർച്ച 2022 ൽ 3 ശതമാനം ആയിരിക്കുമെന്നാണ് സംഘടന ഇപ്പോൾ പ്രവചിക്കുന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് ലോക വ്യാപാര സംഘടന ചൂണ്ടിക്കാണിക്കുന്നത്. അവ :

റഷ്യ-യുക്രൈൻ യുദ്ധം

ആഗോള വ്യാപാരത്തിൽ റഷ്യയുടെയും ഉക്രൈനിന്റെയും വിഹിതം കുറവാണെങ്കിലും റഷ്യ -യുക്രൈൻ യുദ്ധം ആഗോള സമ്പത്ത് വ്യവസ്ഥയെ വലിയരീതിയിൽത്തന്നെ ബാധിക്കുകയുണ്ടായി. അതിന്റെ കാരണം ഭക്ഷ്യധാന്യം, വളം തുടങ്ങിയ ചില അവശ്യവസ്തുക്കളുടെ വലിയ രീതിയിലുള്ള വിതരണം ഇരു രാജ്യങ്ങളിൽ നിന്നും ഉണ്ടായിരുന്നത് യുദ്ധം കാരണം കുറഞ്ഞു എന്നതാണ്. ഇത് ഇത്തരം വസ്തുക്കളുടെ വിലക്കയറ്റത്തിന് വഴിയൊരുക്കി. മാത്രമല്ല യുദ്ധം കരിങ്കടൽ വഴിയുള്ള വ്യാപാരത്തിന് തടസം സൃഷ്ടിച്ചത് ആഗോള വിതരണശ്രിംഖലയെ ബാധിക്കുകയും ചെയ്തു.

ചൈനയിൽ അടച്ചിടൽ

കോവിഡ് 19 വീണ്ടും വ്യാപിക്കാൻ തുടങ്ങിയതോടെ ചൈനയിൽ അടച്ചിടൽ ആരംഭിച്ചത് ആഗോള വ്യാപാരത്തെ ദോഷകരമായി ബാധിക്കുകയാണ്.