ഇന്ത്യയിലെ ഗോത്രവിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ
2011 ലെ സെൻസസ് പ്രകാരം ഏകദേശം 11 കോടി ഗോത്രവർഗ്ഗക്കാർ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. ഇത് രാജ്യത്തിൻറെ മൊത്തം ജസംഖ്യയുടെ 8.6 ശതമാനത്തോളം വരും. ലോകത്തിൽ ഏറ്റവും കൂടുതൽ ഗോത്രവിഭാഗക്കാരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
'ദി ലാൻസെറ്റ്' നടത്തിയ പഠനപ്രകാരം ഗോത്രവിഭാഗക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ശിശുമരണ നിരക്കുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യ ആണ്.
'നാഷണൽ റിപ്പോർട്ട് ഓൺ ദി സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ട്രൈബൽ പീപ്പിൾസ് ഹെൽത്ത്' ലെ പ്രധാന കണ്ടെത്തലുകൾ
രാജ്യത്ത് 809 മേഖലകളിലായാണ് പ്രധാനമായും ഗോത്രവിഭാഗക്കാർ ജീവിക്കുന്നത്. ഈ മേഖലകളെ ഷെഡ്യുൾഡ് മേഖലകളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്തെ മൊത്തം ഗോത്രവിഭാഗക്കാരിൽ പകുതിയിലധികവും താമസിക്കുന്നത് പ്രഖ്യാപിക്കപ്പെട്ട ഷെഡ്യുൾഡ് മേഖലക്ക് പുറത്തായാണ്.
ഗോത്രവിഭാഗക്കാർക്കിടയിലെ ആരോഗ്യസാഹചര്യം കഴിഞ്ഞ 25 വർഷത്തിനിടെ വലിയരീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഗോതവിഭാഗക്കാർക്കിടയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 1988 ൽ 135 ആയിരുന്നത് 2014 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം 57 ആയി കുറഞ്ഞിട്ടുണ്ട്.
ഗോത്രവിഭാഗക്കാരുടെ കുട്ടികൾക്കിടയിലുള്ള പോഷകാഹാരക്കുറവ് മറ്റു കുട്ടികളെ അപേക്ഷിച്ച് 50 % കൂടുതലാണ്.
മലേറിയയും ടി.ബി'യും ഗോത്രവിഭാഗക്കാർക്കിടയിൽ മറ്റു വിഭാഗക്കാരെക്കാൾ 3 മുതൽ 11 മടങ്ങുവരെ അധികമാണ്. രാജ്യത്തെ മൊത്തം മലേറിയയുമായി ബന്ധപ്പെട്ട മരണങ്ങളുടെ പകുതിയോളം നടക്കുന്നത് ഗോത്രവിഭാഗങ്ങൾക്കിടയിലാണ്.
സർക്കാർ മേഖലയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് ഇവർക്ക് കൂടുതലായും ആശ്രയിക്കാൻ സാധിക്കുന്നത്. അവിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ഗോത്ര വിഭാഗക്കാരുടെ ആരോഗ്യ സംരക്ഷണത്തെ ദോഷകരമായി ബാധിക്കുന്നു.
റിപ്പോർട്ട് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ
ഓരോ സംസ്ഥാനത്തെയും ശരാശരി ആരോഗ്യനിലവാരത്തോടൊപ്പം ആ സംസ്ഥാനത്തെ ഗോത്ര വിഭാഗക്കാരുടെ ആരോഗ്യ നിലവാരം പത്ത് വര്ഷം കൊണ്ട് എത്തിക്കാനാവശ്യമായ ദേശീയ കർമ്മപദ്ധതി രൂപീകരിക്കുക.
കൂടുതൽ തുക വകയിരുത്തുക.
പ്രധാനപ്പെട്ട 10 ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനായി റിപ്പോർട്ട് 80 നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു.