ഇന്ത്യയുടെ സ്റ്റീൽ മേഖലയെ കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യുറോ പുറത്തുവിട്ട വാർത്തയെ അടിസ്ഥാനമാക്കിയ കുറിപ്പ്.

ഇന്ത്യയുടെ സ്റ്റീൽ സെക്ടർ വലിയ രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. സ്റ്റീൽ ഉത്പാദനത്തിൽ ഇന്ത്യ ആഗോളശക്തിയായി ഉയർന്നുവരുകയും ചൈനയ്ക്ക് ശേഷം ലോകത്തിലെ സ്റ്റീൽ ഉത്പാദകരിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

നിലവിലെ സാഹചര്യം

  • 2023 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ ഉരുക്ക് ഉത്പാദനം 125.32 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീലും 121.29 MT ഫിനിഷ്ഡ് സ്റ്റീലുമാണ്.
  • ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്നാണ് സ്റ്റീൽ. നിർമ്മാണം, അടിസ്ഥാനസൗകര്യവികസനം, ഓട്ടോമൊബൈൽ, പ്രതിരോധം തുടങ്ങിയ നിർണായക മേഖലകളിൽ സ്റ്റീൽ പ്രധാന പങ്ക് വഹിക്കുന്നു

സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ

ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്‌ എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഉരുക്ക് ഉത്പാദനം കാണാവുന്നതാണ്.

സ്റ്റീൽ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ

  • സ്റ്റീൽ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 5 വർഷത്തേക്ക് 6322 കോടി രൂപ നീക്കിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
  • ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം(MNRE) ദേശീയ ഹരിത ദൗത്യം പ്രഖ്യാപിച്ചതിൽ സ്റ്റീൽ മേഖലയെയും പങ്കാളിയാക്കിയിട്ടുണ്ട്.
  • പി എം ഗതിശക്തി മാസ്റ്റർ പ്ലാനിലേക്ക് സംയോജിപ്പിച്ചു.
  • സ്റ്റീൽ സ്ക്രാപ്പ് പുനരുപയോഗ നയം കൊണ്ടുവന്നു. ഇത് വിവിധ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഫെറസ് സ്ക്രാപ്പുകളുടെ ശാസ്ത്രീയ സംസ്കരണത്തിനും പുനരുപയോഗത്തിനും വേണ്ടി രാജ്യത്ത് മെറ്റൽ സ്ക്രാപ്പിംഗ് സെന്ററുകൾ സ്ഥാപിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ചട്ടക്കൂട് നൽകുന്നു.
  • 2030-31 ഓടെ ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിൻ്റെ ആ വശ്യകതയിലും വിതരണത്തിലും ദീർഘകാല വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ സ്റ്റീൽ നയം 2017-ൽ സർക്കാർ രൂപീകരിച്ചു.
  • വ്യവസായത്തിനും പൊതുജനങ്ങൾക്കും ഗുണമേന്മയുള്ള സ്റ്റീലിൻ്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സ്റ്റീൽ മന്ത്രാലയം സ്റ്റീൽ ക്വാളിറ്റി കൺട്രോൾ ഓർഡർ അവതരിപ്പിച്ചു. ഓർഡർ അനുസരിച്ച് ഉപഭോക്താക്കൾക്ക് BIS മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഗുണനിലവാരമുള്ള സ്റ്റീൽ മാത്രമേ ലഭ്യമാക്കൂ എന്ന് ഉറപ്പാക്കിയിട്ടുണ്ട്.
  • ഇരുമ്പ്, ഉരുക്ക് മേഖലയ്ക്കായി 25 പൊതുമിനിമം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ രൂപികരിച്ചു. ഈ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലോക തൊഴിലാളി സംഘടനയുടെ (ILO) "കോഡ് ഓഫ് പ്രാക്ടിസ്" നിർദ്ദേശങ്ങൾക്ക് അനുസൃതമാണ്.