ഇന്ത്യയുടെ പൊതു കടവും ഐ.എം.എഫ് റിപ്പോർട്ടും

ഐ.എം.എഫ് ൻ്റെ ഏറ്റവും പുതിയ വാർഷിക കൺസൾട്ടേഷൻ റിപ്പോർട്ടിലാണ് ഇന്ത്യയുടെ കടങ്ങളെ പറ്റിയുള്ള ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്.ദീർഘകാലടിസ്ഥാനത്തിൽ കടം കൈകാര്യം ചെയ്യുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനത്തിൻ്റെ ആവശ്യകത റിപ്പോർട്ട് ഊന്നി പറയുന്നു. ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ നിക്ഷേപം ആവശ്യമുള്ളതിനാൽ ഡെബ്റ്റ് മാനേജ്‍മെൻ്റെ അല്പം പരുങ്ങലിൽ ആവും.

പൊതു കടം

പൊതു കടം എന്നത് ഒരു ഗവൺമെൻ്റ് ബാഹ്യ കടക്കാർക്കും ആഭ്യന്തര വായ്പാക്കാർക്കും നൽകേണ്ട മൊത്തം പണത്തെ സൂചിപ്പിക്കുന്നു.

വിദേശകടം

വിദേശ ഗവൺമെന്റുകൾ, അന്തരാഷ്ട്ര സംഘടനകൾ, രാജ്യത്തിന് പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ വിദേശ കടക്കാർക്ക് നൽകേണ്ട ഒരു രാജ്യത്തിൻ്റെ കടത്തിൻ്റെ ഭാഗമാണ് ഇത്.

ആഭ്യന്തരകടം

വ്യക്തികൾ, ബാങ്കുകൾ,മറ്റ് ആഭ്യന്തര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിനകത്ത് നൽക്കേണ്ട കടം.

പൊതുകടത്തിൻ്റെ ഉദ്ദേശ്യങ്ങൾ

  • സാമ്പത്തിക മാന്ദ്യ കാലത്ത് സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിന് തന്ത്രപരമായി കടം ഉപയോഗിക്കാം.
  • കടം വാങ്ങുന്നതിലൂടെ സർക്കാർ ചെലവ് വർധിപ്പിക്കുന്നത് സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും.
  • റോഡുകൾ, പാലങ്ങൾ തുടങ്ങിയ നിർണായക ഇൻഫ്രാസ്ട്രക്ച്ചർ പ്രോജെക്ട്കൾക്ക് ധനസഹായം നൽകുന്നതിന് പൊതുകടം ഉപയോഗിക്കാവുന്നതാണ്. അതുവഴി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ പുരോഗതിയെയും പിന്തുണക്കാൻ കഴിയും.

പൊതുകടത്തിന് മേലുള്ള ആശങ്കകൾ

  • ഉയർന്ന തലത്തിലുള്ള പൊതു കടം സർക്കാരിൻ്റെ സാമ്പത്തിക ശേഷിയെ പരിമിതപ്പെടുത്തും.
  • റേറ്റിംഗ് ഏജൻസികൾ, റേറ്റിംഗ് കുറയ്ക്കുന്നതിന് ഇടയാക്കും. ഇത് അന്തരാഷ്ട്ര വിപണിയിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നതിന് സർക്കാരിന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
  • സാമ്പത്തിക അശ്രദ്ധ ഭാവി പൗരൻമാർക്ക് ബാധ്യത വരുത്തി വയ്ക്കും.

പൊതുകടം കുറയ്ക്കാനുള്ള മാർഗങ്ങൾ

  • സാമ്പത്തിക അച്ചടക്കത്തിൽ പ്രതിജ്ഞാബദ്ധരായ സ്ഥാപനങ്ങൾക്ക് പാരിതോഷികങ്ങളോ പ്രോത്സാഹനങ്ങളോ വാഗ്ദാനം ചെയ്ത് അമിതമായ കടമെടുക്കൽ നിരുത്സാഹപ്പെടുത്താം.
  • നികുതി പിരിവ് മെച്ചപ്പെടുത്തുക.
  • തന്ത്രപരമായ രീതിയിൽ ഓഹരി വിറ്റഴിക്കുക
  • സാമ്പത്തിക ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിനമായി ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ, മാനവ മൂലധനം, ഹരിത സംരഭങ്ങൾ (Green Entrepreneurship) എന്നിവയിലെ നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുക.
  • നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപങ്ങളെ സ്വകാര്യവൽക്കരിക്കാം.
  • സാമൂഹിക പദ്ധതികളിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക (പി പി പി) സ്വീകരിക്കാം.
  • പൊതുകടം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വൈദഗ്ധ്യവും ഉത്തരവാദിത്തങ്ങളും പബ്ലിക് ഡെബ്റ് മാനേജുമെന്റ് ഏജൻസി (പി ഡി എം എ) യുടെ വരുതിയിലാക്കുക. തന്ത്രപരമായ ആസൂത്രത്തിന് ഇത് വഴി വെക്കും.

ധനമന്ത്രാലയം ഐ.എം.എഫ് ൻ്റെ വാദങ്ങളെ വലിയരീതിയിൽ പ്രസക്തമാക്കുന്നില്ലെങ്കിലും സുസ്ഥിരമായ സാമ്പത്തിക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് പൊതുകടം കുറയ്‌ക്കേണ്ടത് ആവശ്യമാണ്.