ദേശീയം
കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടണം
കാലാവസ്ഥാവ്യതിയാനവും അതിന്റെ അന്തരഫലങ്ങളും വർദ്ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കണ്ടൽക്കാടുകളുടെയും ചതുപ്പു നിലങ്ങളുടെയും സംരക്ഷണം അത്യന്താപേക്ഷിതമാകുകയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ വലിയതോതിൽ കണ്ടൽക്കാടുകളെയും ചതുപ്പ്‌നിലങ്ങളെയും ബാധിക്കുന്നുണ്ട്.
എന്താണ് ചതുപ്പ്‌നിലങ്ങൾ ?
വെള്ളം കെട്ടിനിൽക്കുകയും എന്നാൽ ജലനിരപ്പ് വളരെ താഴ്ന്ന് അടിത്തട്ടിനോട് ചേർന്ന് നിൽക്കുന്നതുമായ പ്രദേശത്തെയാണ് ചതുപ്പ് നിലം എന്ന് വിളിക്കുന്നത്. ഭൂതല ആവാസവ്യവസ്ഥയുടെയും ജല ആവാസവ്യവസ്ഥയുടെയും ഇടയിലുള്ള പ്രദേശമായി ഇതിനെ കാണാം. വലിയതോതിൽ കണ്ടൽക്കാടുകൾ ഇവിടങ്ങളിൽ വളരുന്നു.
എന്തുകൊണ്ട് ചതുപ്പ് നിലങ്ങൾ പ്രാധാന്യമർഹിക്കുന്നു?
- കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ സഹായിക്കുന്നു: കരഭാഗത്തിന്റെ 3 ശതമാനം ഭാഗം മാത്രമാണ് ചതുപ്പ് നിലങ്ങൾ ഉൾക്കൊള്ളുന്നതെങ്കിലും ഭൂമിയിലെ മൊത്തം വനപ്രദേശം സംഭരിച്ചു വെക്കുന്നതിന്റെ ഇരട്ടിയോളം കാർബൺ ചതുപ്പ് നിലങ്ങൾ സംഭരിച്ചു വെക്കുന്നു. കാലാവസ്ഥാവ്യതിയാനം തടയുന്നതിന് ഇത് വലിയതോതിൽ സഹായകരമാകുന്നു.
- ദേശാടനപക്ഷികളുടെ ആവാസസ്ഥലം: വർഷംതോറും ഇന്ത്യയിലേക്കെത്തുന്ന ആയിരക്കണക്കിന് ദേശാടനപക്ഷികളുടെ പ്രധാന ആവാസസ്ഥലമാണ് ചതുപ്പ് നിലങ്ങളും കടൽക്കാടുകളും.
- സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം: മണിപ്പൂരിലെ 'ലോകതക്' തടാകം പോലുള്ളവ രാജ്യത്തെ വിനോദസഞ്ചാരികളെ ഏറെ ആകര്ഷിക്കുന്നവയാണ്.
- പ്രകൃതി ദുരന്തങ്ങൾ തടയുന്നു: വെള്ളപ്പൊക്കം, സുനാമി പോലുള്ള ദുരന്തങ്ങളിൽ നിന്നും തീരദേശത്തെ സംരക്ഷിക്കുന്നതിൽ കണ്ടൽക്കാടുകൾ വലിയ പങ്ക് വഹിക്കുന്നു.
ചതുപ്പ് നിലങ്ങളും കണ്ടൽക്കാടുകളും നേരിടുന്ന വെല്ലുവിളികൾ
- കാലാവസ്ഥാവ്യതിയാനത്തിന്റെയും മറ്റും ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ ബന്ധിക്കപ്പെട്ട ആവാസവ്യവസ്ഥകളിൽ ഒന്നാണ് ചതുപ്പ് നിലങ്ങൾ. ഭൂമിയിലെ മൊത്തം ചതുപ്പ് നിലങ്ങളുടെ വ്യാപ്തി കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 3.69 മില്യൺ ഹെക്ടറിൽ നിന്നും 3.62 മില്യൺ ഹെക്ടർ ആയി കുറഞ്ഞെന്ന് 'നാഷണൽ വെറ്റ്ലാൻഡ് ഡീകെയ്ഡൽ അറ്റ്ലസ്' പറയുന്നു.
- ചതുപ്പ് നിലങ്ങൾ പലതും നഗരങ്ങളോട് ചേർന്നാണ് നിലകൊള്ളുന്നത് എന്നത് നഗരവത്കരണത്തിന്റെ ദോഷഫലങ്ങൾ അവയെ ബാധിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നു. നഗരങ്ങൾ വളരുന്നതിനോടൊപ്പം ചതുപ്പ് നിലങ്ങൾ നശിപ്പിക്കപ്പെടുന്നത് സാധാരണമായി മാറുന്നു.
- വരൾച്ച, ആഗോളതാപനം, കടൽ നിരപ്പ് ഉയരുന്നത് തുടങ്ങി കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ ചതുപ്പ് നിലങ്ങൾക്ക് ഭീഷണിയാകുന്നു.