"രാജ്ഭവനിൽ വേണം സമൂലമായ പരിഷ്‌കാരങ്ങൾ" എന്ന ദി ഹിന്ദു പത്രത്തിലെ ലേഖനത്തെ അടിസ്ഥാനമാക്കിയ നോട്ട്

നമ്മുടെ രാഷ്ട്രീയ സംവിധാനത്തിൽ സംസ്ഥാന ഗവർണർ പദവിക്ക് കാര്യമായ പ്രാധാന്യമുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിർണ്ണായക കണ്ണിയായി ഇത് പ്രവർത്തിക്കുന്നു. സഹകരണത്തിന് ഊന്നൽ നൽകുന്ന നമ്മുടെ ഫെഡറൽ ജനാധ്യപത്യഭരണത്തിൻ്റെ സുപ്രധാന ഘടകമായി ഇത് കണക്കാക്കപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ പങ്ക്, അധികാരങ്ങൾ, വിവേചനാധികാരം എന്നിവ കുറച്ചുകാലങ്ങളായി ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്നു. ബില്ലുകളുടെ അംഗീകാരം സംബന്ധിച്ച് കേരള ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം അടുത്തിടെ സുപ്രീംകോടതി വരെ എത്തിയിരുന്നു.

ഗവർണർ പദവിയുടെ ചരിത്രം

1858 മുതൽ പ്രവിശ്യാ ഗവർണമാർ ഗവർണർ ജനറലിൻ്റെ കീഴിലായിരുന്നു. 1935-ലെ ഗവൺമെന്റ്‌ ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഗവർണർ പ്രവിശ്യാ നിയമസഭയിലെ മന്ത്രിമാരുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് എന്ന് തിരുമാനിച്ചു.

ഭരണഘടനാ അസ്സംബ്ലിയിൽ ഗവർണർ സ്ഥാനം വിപുലമായി ചർച്ച ചെയ്യപ്പെട്ടു. നിലവിൽ ഇന്ത്യ അംഗീകരിച്ച പാർലമെൻ്ററി, കാബിനറ്റ് ഭരണസംവിധാനങ്ങൾക്ക് കീഴിൽ, ഗവർണർ ഒരു സംസ്ഥാനത്തിൻ്റെ ഭരണഘടനാ തലവനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഗവർണറുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ

  • അനുച്ഛേദം 153 പ്രകാരം ഓരോ സംസ്ഥാനത്തിനും ഒരു ഗവർണർ ഉണ്ടായിരിക്കണം. രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഒരാളെ ഗവർണറായി നിയമിക്കാം.
  • ഗവർണറെ രാഷ്‌ട്രപതി നിയമിക്കുന്നു. (ഭരണഘടനയുടെ 155,156 വകുപ്പുകൾ)
  • ആർട്ടിക്കിൾ 163 പ്രകാരം ഭരണഘടനപ്രകാരം ഉള്ള വിവേചനാധികാരം നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഒഴികെ ഗവർണ്ണർ പ്രവർത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭയുടെ നിർദേശവും ഉപദേശവും പ്രകാരം ആയിരിക്കണം.

ഗവർണ്ണറുടെ വിവേചനാധികാരം

സംസ്ഥാന നിയമസഭയിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയെ നിയമിക്കാനുള്ള വിവേചനാധികാരം ഗവർണർക്ക് ഉണ്ട്. അതുപോലെ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം പരാജയപ്പെട്ടാൽ രാഷ്‌ട്രപതി ഭരണത്തിന് (356 ാo വകുപ്പ് ) ശുപാർശ ചെയ്യാനുള്ള വിവേചനാധികാരവും ഗവർണർക്ക് ഉണ്ട്.

സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ബില്ലുമായി ബന്ധപ്പെട്ട് ഗവർണ്ണർക്കുള്ള അധികാരം

  • ഭരണഘടനയുടെ ആർട്ടിക്കിൾ 200,201 എന്നീ വകുപ്പുകളാണ് ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട ഗവർണറുടെ അധികാരങ്ങളെ കുറിച്ച് പറയുന്നത്.
  • സംസ്ഥാനനിയമസഭ ഒരു ബിൽ പാസ്സാക്കി അയച്ചാൽ ഗവർണർക്ക് ഇനി പറയുന്ന തിരുമാനങ്ങൾ എടുക്കാം
    • ബില്ലിന് സമ്മതം നൽകാം
    • ബില്ലിന് സമ്മതം നൽകാതിരിക്കാം
    • പുന: പരിശോധനയ്ക്കായി നിയമസഭയ്ക്ക് തിരികെ നൽകാം
    • രാഷ്ട്രപതിയുടെ പരിഗണയ്ക്ക് വിടാം
    • ഭരണഘടനാ വകുപ്പ് 361 പ്രകാരം ഒരു സംസ്ഥാനത്തിൻ്റെ ഗവർണർ, അധികാര വിനിയോഗത്തിൻ്റെയും നിർവഹണത്തിൻ്റെയും കാര്യത്തിൽ ഒരു കോടതിയോടും ഉത്തരവാദിയായിരിക്കില്ല.

ഇന്ത്യയിലെ ഗവർണർ തസ്തികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

  • ഭരണകക്ഷിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരും മുൻ ഉദ്യോഗസ്ഥരും ഗവർണർമാരായി നിയമിക്കപ്പെടുന്നു. ഇത് ഈ പദവിയുടെ നിഷ്പക്ഷതയും ക്രെഡിബിലിറ്റിയും ചോദ്യം ചെയ്യപ്പെടുന്നു.
  • ഗവർണറെ നിയമിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുക എന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നു.
  • ഗവർണർമാർ വിവേചനാധികാരം ദുരുപയോഗം ചെയുന്നു. രാഷ്ട്രീയ താല്പര്യം അടിസ്ഥാനമാക്കിയുള്ള ശുപാർശകൾ ഗവർണർ കേന്ദ്രത്തിന് കൈമാറുന്നു.
  • ഗവർണർമാരെ നീക്കം ചെയ്യുന്നതിന് രേഖാമൂലമോ അല്ലാതെയോ നടപടിക്രമങ്ങൾ ഇല്ല.
  • ബില്ല് തടഞ്ഞുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പല സംസ്ഥാനത്തും മുഖ്യമന്ത്രി-ഗവർണർ സംഘർഷം ഉടലെടുത്തിട്ടുണ്ട്.

ഗവർണർ പദവിയുമായി ബന്ധപ്പെട്ട വിവിധ കമ്മറ്റികളുടെയും സുപ്രീം കോടതിയുടെയും നിർദ്ദേശങ്ങൾ.

  • സർകാരിയ കമ്മിഷൻ (1988)- നിർബന്ധിത സാഹചര്യത്തിലല്ലാതെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ഗവർണറെ മാറ്റാൻ പാടില്ല. ബന്ധപ്പെട്ട സംസ്ഥാനമുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഗവർണറെ നിയമിക്കാവൂ.
  • എസ്. ആർ ബൊമ്മെ വിധി (1994)- തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ ഭൂരിപക്ഷം പരിശോധിക്കേണ്ടത് നിയമസഭാവേദിയാണ്, ഗവർണറുടെ ആത്മനിഷ്ഠമായ അഭിപ്രായമല്ല.
  • നബാം റസിയ വേഴ്സസ് ഡെപ്യൂട്ടി സ്പീക്കർ കേസ് (2016) ഗവർണർക്ക് മന്ത്രിമാരുടെ ഉപദേശത്തിനെതിരെ പ്രവർത്തിക്കാനുള്ള പൊതു വിവേചനാധികാരം ഇല്ല എന്ന് സുപ്രീകോടതി വിധിച്ചു
  • ജനാധ്യപത്യ തത്വങ്ങളെ തുരങ്കം വയ്ക്കാതെ ഗവർണറുടെ ഓഫീസിൻ്റെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.