തൊഴിൽനൈപുണ്യവും ഇന്ത്യയും - Source - Business Line

ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയുടെ ജനസംഖ്യയുടെ ശരാശരി പ്രായം 28 വയസ്സാണ്. ഇത് ചൈനയിൽ 37 വയസ്സും ജപ്പാനിൽ 48 വയസ്സുമാണ്. 2021 ലെ കണക്ക് പ്രകാരം ഇന്ത്യയുടെ ജനസംഖ്യയുടെ 34 ശതമാനം പേരും 19 വയസ്സിന് താഴെ ഉള്ളവരാണ്. 56 ശതമാനം പേരും 20 നും 59 നും ഇടയിൽ പ്രായമുള്ളവരാണ്. കണക്കുകൾ പ്രകാരം 2041 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യയുടെ 59 % പേരും 20 നും 59 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കും.

വരുന്ന രണ്ടു പതിറ്റാണ്ടിൽ ലോകത്തെ തൊഴിൽശക്തി 4 ശതമാനം കുറയും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്. എന്നാൽ ഈ കാലയളവിൽ രാജ്യത്തെ തൊഴിൽ ചെയ്യാൻ ശേഷിയുള്ളവരുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവുണ്ടാകും. അനുകൂലമായ ഈ സാഹചര്യം മുതലെടുക്കാൻ ഇന്ത്യക്ക് സാധിക്കണമെങ്കിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വിദ്യാഭ്യാസവും തൊഴിൽനൈപുണ്യവും വർധിപ്പിക്കേണ്ടതുണ്ട്. ലോകത്ത് മാറിവരുന്ന തൊഴിലുകൾക്കനുസരിച്ച് നൈപുണ്യമുള്ള തൊഴിലാളികളെ ആഗോളതലത്തിൽത്തന്നെ ലഭ്യമാക്കാൻ ഇന്ത്യക്ക് സാധിക്കണം.

ഇന്ത്യയിലെ തൊഴിൽ മേഖലയും നൈപുണ്യവികസനവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ

  • 2015 ലെ നാഷണൽ പോളിസി ഓൺ സ്കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രെനേർഷിപ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽമേഖലയിൽ 4.7 ശതമാനം പേർക്ക് മാത്രമാണ് ഔപചാരികമായി നൈപുണ്യവികസനപരിശീലനം അഥവാ തൊഴിൽ പരിശീലനം ലഭിച്ചിട്ടുള്ളത്. ജപ്പാനിൽ ഇത് 80 ശതമാനവും അമേരിക്കയിൽ 52 ശതമാനവുമാണ്.
  • 2010 നും 2014 നും ഇടയിലായി നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തിയ പഠനപ്രകാരം 2022 ആകുമ്പോഴേക്കും തൊഴിൽനൈപുണ്യം നേടിയ 10.97 കോടി അധികം തൊഴിലാളികൾ രാജ്യത്ത് ആവശ്യമായി വരും.

സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങൾ

  • 2015 ൽ ആരംഭിച്ച പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രകാരം ഓരോ പാർലിമെന്ററി മണ്ഡലത്തിലും സ്ഥാപിക്കപ്പെട്ട കൗശൽ കേന്ദ്രങ്ങൾ വഴി 2022 ആയപ്പോഴേക്കും 1.35 കോടി പേർ തൊഴിൽപരിശീലനം നേടിയിട്ടുണ്ട്.
  • സർക്കാരിന്റെ 'സങ്കൽപ്പ്', 'സ്ട്രൈവ്' പദ്ധതികൾ നൈപുണ്യവികസനത്തിന് വലിയ പങ്കു വഹിക്കുന്നു.
  • കേന്ദ്രസർക്കാരിന്റെ കീഴിൽ ഏകദേശം നാൽപ്പതോളം നൈപുണ്യവികസന പദ്ധതികൾ നടപ്പുന്നുണ്ട്. ഇത്തരം പദ്ധതികളിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏകദേശം 4 കോടി പേർക്ക് തൊഴിൽ പരിശീലനം ലഭിച്ചു.
  • രാജ്യത്ത് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി നിർബന്ധമാക്കിയതിന് ശേഷം ഏകദേശം 1 ലക്ഷം കോടി രൂപ വിവിധ കോർപ്പറേറ്റുകൾ രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. അതിൽ 6,877 കോടി രൂപ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതുമായ ബന്ധപ്പെട്ട പ്രോജക്ടുകൾക്കും ഒപ്പം തൊഴിൽപരിശീലനം നൽകുന്ന പ്രോജക്ടുകൾക്കുമായാണ് നിക്ഷേപിക്കപ്പെട്ടത്.