അന്തർ ദേശീയം
ദക്ഷിണേഷ്യയിലെ ഊർജ്ജോത്പാദനം , Source: 'The Hindu'
ലോകത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ കേവലം 5 ശതമാനം മാത്രം വരുന്ന ദക്ഷിണേഷ്യൻ മേഖല പക്ഷെ ലോകജനസംഖ്യയുടെ നാലിൽ ഒന്ന് ഉൾക്കൊള്ളുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ദക്ഷിണേഷ്യയിലെ ഊർജ്ജോത്പാദനം വലിയരീതിയിൽ വർദ്ധിക്കുന്നുണ്ട്. 1990 ൽ ആകെ ഉത്പാദനം 340 ടെറാവാട്ട് ആയിരുന്നത് 2015 ൽ 1500 ടെറാവാട്ട് ആയി ഉയർന്നു. അടുത്തിടെ ബംഗ്ലാദേശ് 100 ശതമാനം വൈദ്യുതിവത്കരണം നടന്ന രാജ്യമായി മാറി. ഭൂട്ടാനും, ശ്രീലങ്കയും, മാലിദ്വീപും ഈ നേട്ടം 2019 ൽ തന്നെ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വൈദ്യുതിവൽക്കരണം 94.4 ശതമാനമാണ്.
എല്ലാ വീടുകളിലും ചെലവുകുറഞ്ഞതും നിലവാരമുള്ളതുമായ വൈദ്യുതി എത്തിക്കുക എന്നതാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഊർജ്ജനയത്തിന്റെ പ്രധാനഭാഗം. ഊർജ്ജോത്പാദനത്തിനായി ദക്ഷിണേഷ്യൻ രാജ്യങ്ങൾ വിവിധ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുടെ വൈദ്യുതി ഉത്പാദനത്തിന്റെ 55 ശതമാനവും കൽക്കരി ഉപയോഗിച്ചാണെങ്കിൽ നേപ്പാൾ ആകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 99.9 ശതമാനവും ജലവൈദ്യുതിയാണ്. ബംഗ്ലാദേശിന്റെ വൈദ്യുതി ഉദ്പാദനത്തിന്റെ 75 ശതമാനവും പ്രകൃതിവാതകത്തെ ആശ്രയിച്ചാണുള്ളത്.
ഊർജ്ജോത്പാദനവും രാജ്യത്തിൻറെ വളർച്ചയും
- ഒരു രാജ്യത്തിൻറെ ഊർജ്ജോപഭോഗത്തിൽ 0.46 ശതമാനം വർദ്ധനവുണ്ടായാൽ അത് ആ രാജ്യത്തിൻറെ ജി.ഡി.പി. 1 ശതമാനം വളരുന്നതിന് സാഹചര്യമൊരുക്കും.
- ഇടത്തര-വരുമാനമുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്പത്തികവളർച്ചക്ക് ഉയർന്നരീതിയിലുള്ള ഊർജ്ജോത്പാദനം ആവശ്യമാണ്.
- വലിയരീതിയിലുള്ള ഊർജ്ജോത്പാദനം ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വളർച്ചക്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ ജി.ഡി.പി'യുടെ 50.3 % വരുന്നത് കാർഷിക മേഖലയിൽ നിന്നും വ്യവസായികമേഖലയിൽനിന്നും ആണ്. ആവശ്യത്തിനുള്ള ഊർജ്ജോത്പാദനമാണ് ഇവിടെ ബംഗ്ലാദേശിന് സഹായകരമായത്. എന്നാൽ ഊർജ്ജോത്പാദനത്തിലുണ്ടായ വീഴ്ചയും 2014 ലെ ഊർജ്ജക്ഷാമവും പാകിസ്താന്റെ വളർച്ചയെ പിറകോട്ടടിപ്പിച്ചു.
ദക്ഷിണേഷ്യയിലെ ഹരിത ഊർജ്ജോത്പാദനം
- ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഹരിത-ഊർജ്ജത്തിന്റെ ഉത്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2070 ആകുമ്പോഴേക്കും 'നെറ്റ് സീറോ' കൈവരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഹരിത-ഊർജ്ജോത്പാദന ശേഷി 500 ജിഗാവാട്ട് ആയി ഉയർത്തുമെന്നത് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
- ബംഗ്ലാദേശിലെ ഗ്രാമീണ മേഖലയിലേക്ക് ഗ്രിഡ് വഴിയുള്ള വൈദ്യുതി എത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഗ്രാമീണ മേഖലയിലെ ഊർജ്ജാവശ്യത്തിന്റെ 45 % അവർ ഇപ്പോൾ വീടിന് മുകളിൽ നിർമ്മിച്ച സൗരോർജ്ജ പാനലുകൾ വഴി നിറവേറ്റുകയാണ്.
ദക്ഷിണേഷ്യയിലെ പ്രാദേശിക ഊർജ്ജ വ്യാപാരം
- 'സാർക്ക്' രാജ്യങ്ങൾ ഒരു റീജിണൽ എനർജി കോപ്പറേഷൻ കരാർ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അത് നടപ്പാക്കാൻ സാധിച്ചിട്ടില്ല. എങ്കിലും മേഖലയിൽ നിരവധി ഊർജ്ജ്-സഹകരണ കരാറുകൾ രാജ്യങ്ങൾ തമ്മിലുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ പെട്രോളിയം പൈപ്പ്‌ലൈൻ കരാർ, ഇന്ത്യ-ഭൂട്ടാൻ ഹൈഡ്രോഇലക്ട്രിക് സംയുക്ത സംരംഭം, തുടങ്ങിയവ ഉദാഹരണങ്ങൾ ആണ്.
- 1200 മെഗാവാട്ട് വൈദ്യുതി ഇന്ത്യ ബംഗ്ലാദേശിന് വിൽക്കുന്നുണ്ട്. അതുപോലെ ഭൂട്ടാന്റെ മൊത്തം വൈദ്യതി ഉത്പാദനത്തിന്റെ 70 % ഇന്ത്യ വാങ്ങിക്കുകയാണ്. നേപ്പാളിൽ നിന്നും ഇന്ത്യ വൈദ്യതി വാങ്ങിക്കുന്നുണ്ട്.