അന്തർ ദേശീയം
'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം - 'Bumps ahead'
അന്താരാഷ്ട്ര നാണ്യനിധിയുടെ പുതിയ വേൾഡ് ഇക്കണോമിക് ഔട്‍ലൂക് റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിലെ ആഗോള ഉദ്പാദന വളർച്ച 3.6 ശതമാനം ആയിരിക്കും. ജനുവരി മാസത്തിലെ പ്രവചനപ്രകാരം ഇത് 4.4 ശതമാനം ആയിരുന്നു. മഹാമാരിക്ക് ശേഷമുള്ള ആഗോള സമ്പത്ത് വ്യവസ്ഥയുടെ ഉയർത്തെഴുന്നേൽപ്പിനെ റഷ്യ-യുക്രൈൻ യുദ്ധം സാരമായി ബാധിക്കുകയുണ്ടായെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ റിപ്പോർട്ട് പറയുന്നു.
ചൈനയിൽ പുതുതായി കൂടുതൽ കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അടച്ചിടൽ ആരംഭിച്ചത് ഉദ്പാദനത്തെയും വ്യാപാരത്തെയും വിതരണശ്രിംഖലയെയും ബാധിച്ചു. അതുകൊണ്ടുതന്നെ ചൈനയുടെ വളർച്ചാനിരക്ക് 4.8 % എന്ന പഴയ പ്രവചനത്തിൽനിന്നും 4.4 % ആയി അന്താരാഷ്ട്ര നാണ്യനിധി കുറച്ചു.
നടപ്പ് സാമ്പത്തികവർഷത്തിലെ ഇന്ത്യയുടെ വളർച്ചാനിരക്ക് 8.2 ശതമാനമായിരിക്കും എന്നാണ് ഐ.എം.എഫ് പറയുന്നത്. മുൻപ്രവചനം 9 % ആയിരുന്നു. ഇന്ത്യയുടെ വളർച്ചാനിരക്ക് മുൻ പ്രവചനത്തേക്കാൾ ഇപ്പോൾ കുറക്കാനുള്ള കാരണമായി ഐ.എം.എഫ് ചൂണ്ടിക്കാണിക്കുന്നത് നെറ്റ് എക്സ്പോർട്ടിലെ കുറവും ഉയർന്ന എണ്ണ വിലയും അതിനെത്തുടർന്നുണ്ടായ വിലക്കയറ്റവുമാണ്.
ഇനി വരുന്ന ദിവസങ്ങളിൽ പലിശനിരക്ക് പരിധിക്കപ്പുറം ഉയരാതെ നോക്കുന്നതിനും ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം പിടിച്ചു നിർത്തുന്നതിനും രാജ്യത്തെ നയരൂപകർത്താക്കൾ ശ്രദ്ധ കൊടുക്കേണ്ടതാണ്.