'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം, Different narratives

മാലിദ്വീപിൽ 'ഇന്ത്യ ഔട്ട്' എന്ന പേരിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നിരോധനം ഏർപ്പെടുത്തേണ്ടിവന്നത് ഈ പ്രക്ഷോഭം എത്രത്തോളം അവിടെ രാഷ്ട്രീയധ്രുവീകരണം ഉണ്ടാക്കുന്നു എന്നത് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുമായി ഗാഢമായ ബന്ധമുള്ള രാജ്യമാണ് മാലിദ്വീപ്.

മുൻ പ്രസിഡന്റ് ആയിരുന്ന അബ്ദുല്ല യമീന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ആയ ഇബ്രാഹിം മുഹമ്മദ് സോലി ഇന്ത്യ-അനുകൂല വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ധേഹത്തിന്റെ കീഴിലുള്ള ഭരണത്തെ 'ന്യൂ ഡൽഹിയുടെ പാവ' എന്നാണ് പ്രക്ഷോഭകർ വിളിക്കുന്നത്.

അബ്ദുള്ള യാമീന്റെ ഭരണകാലത്ത് മാലിദ്വീപ് ചൈനയോട് കൂടുതൽ അടുക്കുന്ന പ്രവണതയാണ് കാണിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള മാലിദ്വീപിന്റെ ബന്ധം വഷളാവുകയും ചെയ്തിരുന്നു. എന്നാൽ സോലി'യുടെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ 'ഇന്ത്യ ആദ്യം' എന്ന നയമാണ് പിന്തുടരുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ കാരണമായി.

മാലിദ്വീപിലെ രാഷ്ട്രീയപരവും സാമ്പത്തികപരവുമായ സുരക്ഷക്ക് നിലവിൽ വലിയ സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ചരിത്രപരമായുള്ളതാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനവും കടന്നുകയറ്റവും വർദ്ധിച്ചതോടെ മാലിദ്വീപിന്റെ തന്ത്രപ്രധാന്യം വർധിച്ചു. അതോടെ ഇന്ത്യയും ചൈനയും മാലിദ്വീപിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തു.

നിലവിലെ സർക്കാരിന്റെ കാലാവധി പൂർത്തിയാകാറായി. യമീന്റെ നേതൃത്വത്തിൽ ഇന്ത്യ-വിരുദ്ധത ദേശീയതയായി ഉയർത്തിക്കാണിച്ച് തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ, ഇന്ത്യയുമായുള്ള ബന്ധം രാജ്യത്തിൻറെ സുരക്ഷക്കും ഭക്ഷ്യസുരക്ഷക്കും ആവശ്യമാണെന്ന ന്യായം ഉന്നയിച്ചാണ് സോലി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ ഭരണവിരുദ്ധവികാരം ശക്തമായുള്ളതിനാൽ തന്നെ തെരെഞ്ഞെടുപ്പിൽ സോലി'യുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ കയറാനുള്ള സാധ്യത കുറവാണ്.

ഈ സാഹചര്യത്തിൽ മാലിദ്വീപിലെ എല്ലാ രാഷ്ട്രീയ വിഭാഗവുമായും നല്ല ബന്ധം സ്ഥാപിക്കാൻ ഇന്ത്യ ശ്രമിക്കേണ്ടതാണ്.