ദേശീയം
'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം. 'Fuelling friction'
ഈയ്യിടെ പെട്രോളിന്റെയും ഡീസലിന്റെയും ഡ്യുട്ടി കുറക്കാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബർ മാസം കേന്ദ്ര സർക്കാർ ഇതേ ഡ്യൂട്ടിയിൽ ഇളവുകൾ നൽകിയിരുന്നു. ഇതേ കാര്യം സംസ്ഥാനങ്ങളും ചെയ്യുന്നതിലൂടെ എണ്ണ വിലവർദ്ധനവിന്റെ ഭാരത്തിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
കേന്ദ്രത്തെ അപേക്ഷിച്ച് വരുമാനസ്രോതസ്സുകൾ കുറവുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ടതായ ജി.എസ് ടി. നഷ്ടപരിഹാരം നൽകാതാകുകയുംകൂടി ചെയ്തതോടെ നിലവിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യം പരിതാപകരമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ പ്രധാനവരുമാനസ്രോതസ്സ് ആയ പെട്രോളിയം നികുതി കുറക്കാൻ ആവശ്യപ്പെടുന്നത് സഹകരണ-ഫെഡറലിസത്തിന് തന്നെ ദോഷകരമാണ്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ നിന്നും വായിക്കാൻ കഴിയുന്ന മറ്റൊരു കാര്യം എന്നത് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇനിയൊരു നികുതിയിളവ് ഉണ്ടാകില്ല എന്നതാണ്. എണ്ണ വില വർദ്ധനവ് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. രാജ്യത്ത് മൊത്തം വിലക്കയറ്റത്തിന് പ്രധാനകാരണമാകുന്നത് എണ്ണ വിലവർദ്ധനവാണ്. ഇത് രാജ്യത്തെ സാധാരണക്കാരുടെ ഉപഭോഗം കുറയുന്നതിലേക്കും അത് ഉത്പാദനമേഖലയെപോലും ബാധിക്കുന്ന സാഹചര്യത്തിലേക്കും നയിക്കുകയാണ്.