അന്തർ ദേശീയം
'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം ' In the shadow of war'
ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ നടന്ന വെർച്യുൽ കൂടിക്കാഴ്ചയും ഇന്ത്യ-അമേരിക്ക 2 + 2 സംഭാഷണവും രണ്ട് കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ അവരുടെ ശക്തമായ സഹകരണം മുന്നോട്ടു കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചിരിക്കുന്നു എന്നതും ആഗോള തലത്തിൽ യുക്രൈൻ യുദ്ധം ആശങ്കകൾ സൃഷ്ട്ടിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ വലിയ രണ്ട് ജനാധിപത്യ ശക്തികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും തുടരുന്ന സഹകരണം വെളിപ്പെടുത്തുന്നു എന്നതുമാണത്.
യുക്രൈൻ വിഷയത്തിൽ ഇരു രാജ്യങ്ങളുടെയും നിലപാടുകൾ വ്യത്യസ്തമാണെങ്കിലും ഇപ്പോൾ നടന്ന കൂടിക്കാഴ്ചകൾ ഇരു രാജ്യങ്ങൾക്കും ഒരേ കാഴ്ചപ്പാടുകൾ ഉള്ള വിഷയങ്ങളിൽ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള സാഹചര്യം ഒരുക്കി. ആരോഗ്യം, സൈബർ സുരക്ഷ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ സഹകരണം തുടരാൻ യോഗം തീരുമാനിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമ്പോഴും റഷ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. റഷ്യക്കെതിരെ അമേരിക്ക തുടരുന്ന ഉപരോധങ്ങൾ റഷ്യയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്നതിന് ഇന്ത്യക്ക് തടസ്സമായി മാറുകയാണ്. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് റഷ്യ. ആയുധങ്ങൾക്കായി ഇന്ത്യ കൂടുതലും ആശ്രയിക്കുന്നത് റഷ്യയെ ആണ്. ഇൻഡോ-പസഫിക് മേഖലയിലെ വിഷയങ്ങൾ കാരണവും ചൈനയുടെ അപ്രമാദിത്വം തടയുന്നതിനും അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നത് ഇവിടെ ആശ്വാസകരമായ ഒന്നാണ്.