'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം -'Measuring the change'

ഈയിടെ പ്രസിദ്ധീകരിച്ച നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ ഇന്ത്യൻ സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നുണ്ട്. കുട്ടികൾക്കിടയിൽ പ്രതിരോധ മരുന്ന് വിതരണം, ആശുപത്രികളോ മറ്റു ആരോഗ്യകേന്ദ്രങ്ങളിലോ സംഭവിക്കുന്ന ജനനങ്ങൾ പോഷകാഹാര ലഭ്യത തുടങ്ങിയ വിവരങ്ങൾ സർവ്വേയിൽ ലഭ്യമാകുന്നു. സർവ്വേയിലെ വിവരങ്ങൾ പ്രകാരം കുട്ടികൾക്കിടയിൽ പ്രതിരോധ മരുന്ന് വിതരണം, ആശുപത്രികളോ മറ്റു ആരോഗ്യകേന്ദ്രങ്ങളിലോ സംഭവിക്കുന്ന ജനനങ്ങൾ എന്നിവയിൽ കാര്യമായ പുരോഗതി കാണിക്കുന്നുണ്ട്. എങ്കിലും പോഷകാഹാരലഭ്യതയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ചില ആശങ്കകൾ പ്രകടമാകുന്നുണ്ട്. പോഷകാഹാരലഭ്യത വർധിച്ചെങ്കിലും ഒപ്പം അമിതപോഷകം അഥവാ അമിതവണ്ണം വർദ്ധിച്ചുവരുന്നു എന്നും സർവ്വേ പറയുന്നു.

സർവ്വേ ചൂണ്ടിക്കാണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്നത് രാജ്യത്തെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറയുന്നു എന്നതാണ്. കഴിഞ്ഞ സർവ്വേയിലെ 2.1 ൽ നിന്ന് 2.0 ആയി ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞതായി കാണിക്കുന്നു. ഈ പ്രവണത തുടർന്നും നിലനിൽക്കുകയാണെങ്കിൽ അത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനും ലിംഗസമത്വം വർദ്ധിക്കുന്നതിനുമെല്ലാം കാരണമായേക്കും.

സർവ്വേ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം എന്നത് ലിംഗസമത്വം ആണ്. രാജ്യത്തെ ഏകദേശം 80 ശതമാനത്തോളം സ്ത്രീകൾക്ക് തങ്ങളുടെ ഭർത്താവിൽ നിന്നുള്ള ലൈംഗിക ബന്ധത്തിനായുള്ള ആവശ്യം ഫലപ്രദമായി നിരസിക്കാൻ സാധിക്കുന്നുണ്ടെന്ന് സർവ്വേ പറയുന്നു. അതിനർത്ഥം രാജ്യത്ത് ഏകദേശം 20 ശതമാനത്തിനടുത്ത് സ്ത്രീകൾ മാരിറ്റൽ റേപ്പിന് വിധേയമാകുന്നു എന്നാണ്.