അന്തർ ദേശീയം
'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം 'Overcoming differences'
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം ഈയ്യിടെ പൂർത്തിയായി. സന്ദർശനത്തിനൊടുവിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഫ്രാൻസിന്റെ പ്രസിഡന്റും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ളതും ഒപ്പം ആഗോളതലത്തിലുള്ളതുമായ പല വിഷയങ്ങളെക്കുറിച്ചും പരാമർശമുണ്ടായി.
ഫ്രാൻസ് കൂടാതെ യൂറോപ്യൻ രാജ്യങ്ങളായ ഡെന്മാർക്ക്, ജർമനി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കുകയുണ്ടായി. കൂടാതെ കഴിഞ്ഞ ആഴ്ച യൂറോപ്യൻ കമ്മീഷൻ പ്രെസിഡന്റ് ഇന്ത്യ സന്ദർശിക്കുകയും ചെയ്തു. ഇതിലെല്ലാംതന്നെ യുക്രൈൻ യുദ്ധം ആയിരുന്നു പ്രധാന ചർച്ച വിഷയം. ഫ്രാൻസുമായുള്ള സംയുക്തപ്രസ്താവനയിലെല്ലാംതന്നെ യുക്രൈൻ വിഷയത്തിൽ ഇരുരാജ്യങ്ങൾക്കുമുള്ള നിലപാടിലെ വൈരുധ്യത പ്രകടമായിരുന്നു. എങ്കിലും ഇരു നേതാക്കളും യുദ്ധത്തിന്റെ അനന്തരദോഷഫലങ്ങൾ കുറക്കാനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്തു. 'ഫുഡ് ആൻഡ് അഗ്രികൾച്ചർ റെസിലിയൻസ് മിഷനു'മായി സഹകരിക്കണമെന്ന് ഫ്രാൻസ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ജർമ്മനിയിലെയും ഡെന്മാർക്കിലെയും സന്ദർശനത്തിലെ മറ്റൊരു പ്രധാന ചർച്ചാവിഷയം കാലാവസ്ഥാവ്യതിയാനം ആയിരുന്നു. പാരീസ് ഉടമ്പടി നടപ്പാക്കാൻ ഇന്ത്യയും ഫ്രാൻസും സഹകരിച്ചു പ്രവർത്തിച്ചുവരുന്നുണ്ട്. 2015 ൽ ഇരു രാജ്യങ്ങളും സംയുക്തസഹകരണത്തോടെ ആരംഭിച്ച 'ഇന്റർനാഷ്ണൽ സോളാർ അലയൻസ്' ഇതിന് ഉദാഹരണമാണ്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണത്തിന് പതിറ്റാണ്ടുകളുടെ വിജയകരമായ ചരിത്രമുണ്ട്. 1998 ൽ ഇന്ത്യ ആണവപരീക്ഷണം നടത്തിയസാഹചര്യത്തിൽ പാശ്ചാത്യരാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്നും വിട്ടുനിന്ന രാജ്യമായിരുന്നു ഫ്രാൻസ്. മാത്രമല്ല ആണവനിർവ്യാപന കരാറിൽ ഒപ്പുവെക്കാതെയും ഇന്ത്യക്ക് ആണവ ഇന്ധനം നല്കാൻ എൻ.എസ്.ജി അനുവാദം നൽകിയപ്പോൾ ആദ്യം ഇന്ത്യയുമായി വിഷയത്തിൽ കരാറുണ്ടാക്കിയ രാജ്യം ഫ്രാൻസ് ആയിരുന്നു.
സന്ദർശനത്തിൽ ഒരു പോരായ്മയായി പറയാനുള്ളത് ഇന്ത്യ-ഫ്രാൻസ് സ്വാതന്ത്രവ്യാപാര കരാറുമായി ബന്ധപ്പെട്ട് കാര്യമായ പുരോഗതി ഉണ്ടാക്കാൻ സാധിച്ചില്ല എന്നതാണ്.