രാജ്യത്ത് തൊഴിൽപങ്കാളിത്തം കുറയുന്നു. Source: Indian Express

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി'യുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ (തൊഴിൽ പങ്കാളിത്തം)കുറഞ്ഞു വരികയാണ്. 2016 ൽ 47 % ആയിരുന്നത് ഇപ്പോൾ 40 % ആയി കുറഞ്ഞു എന്ന് കണക്കുകൾ പറയുന്നു.

എന്താണ് ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ ?

രാജ്യത്ത് ജോലി ചെയ്യാൻ നിയമപരമായി അനുമതിയുള്ള പ്രായമായ 15 വയസിനും 59 വയസിനും ഇടയിൽ എത്രപേർ ജോലി ചെയ്യാൻ തയ്യാറാണ് എന്ന് കാണിക്കുന്നതാണ് ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ. ഇതിൽ നിലവിൽ ജോലി ഉള്ളവരും ജോലി അന്വേഷിക്കുന്നവരും ഉൾപ്പെടും.

ആഗോള തലത്തിലെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ അപേക്ഷിച്ച് ഇന്ത്യയുടെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ കുറവാണെന്ന് മാത്രമല്ല, കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. ആഗോളതലത്തിലെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ 60 ശതമാനമാണ്. ഇന്ത്യയിൽ നിലവിൽ 40 ശതമാനമാണ്. കഴിഞ്ഞ 10 വർഷമായി കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.

എന്തുകൊണ്ട് രാജ്യത്ത് ലേബർഫോഴ്‌സ്‌ പാർട്ടിസിപ്പേഷൻ കുറയുന്നു?

തൊഴിൽ പങ്കാളിത്തം അല്ലെങ്കിൽ ലേബർഫോഴ്‌സ്‌ പാർട്ടിസിപ്പേഷൻ കൂടുതൽ കുറയുന്നത് രാജ്യത്ത് സ്ത്രീകൾക്കിടയിലാണ്. മൊത്തം തൊഴിൽ പങ്കാളിത്തത്തിലെ കുറവിന് പ്രധാന ഘടകമാകുന്നതും ഇതാണ്.

എന്തുകൊണ്ട് സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം കുറയുന്നു?

  • തൊഴിലിടങ്ങൾ സ്ത്രീസൗഹാർദ്ധമല്ലാതാകുന്നതാണ് ഇതിന് പ്രധാന കാരണം. സുരക്ഷിതത്വം ഉൾപ്പെടെ സ്ത്രീകൾക്കാവശ്യമായ പല ആവശ്യസാഹചര്യങ്ങളും തൊഴിലിടങ്ങളിൽ ലഭ്യമല്ലാതാകുന്നത് തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കുറയുന്നതിന് കാരണമാകുന്നു.
  • സ്ത്രീകൾക്ക് ആവശ്യത്തിന് തൊഴിൽസാധ്യതകൾ രാജ്യത്ത് ഇല്ലാത്തതും തൊഴിൽ മേഖലയിൽ സ്ത്രീപങ്കാളിത്തം കുറയുന്നതിന് കാരണമാകുന്നുണ്ട്. ഭൂരിഭാഗം സ്ത്രീകളും വീട്ടുജോലിയിൽ തുടരുന്ന സാഹചര്യമാണ്.