ദേശീയം
സിവിൽ സർവീസുകാരുടെ അഭിപ്രായസ്വാതന്ത്ര്യം
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ഒരു സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത സാഹചര്യം ഈയ്യിടെ ഉണ്ടായി. ഇത് കേന്ദ്ര സിവിൽ സർവീസ് ചട്ടത്തിന്റെ ലംഘനമാണോ എന്നത് ചർച്ചയാകുകയാണ്.
എന്താണ് കേന്ദ്ര സിവിൽ സർവീസ് ചട്ടം (1964 ) ?
ഈ ചട്ടം പ്രകാരം ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഒരു കാരണവശാലും കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ തീരുമാനങ്ങളെയും നയങ്ങളെയും വിമർശിക്കുകയോ എതിർക്കുകയോ ചെയ്യുന്ന തരത്തിൽ പ്രസ്താവനകൾ ഇറക്കാൻ പാടില്ല.
ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ പരിധിയിൽ എത്തുന്ന സർക്കാർ തീരുമാനങ്ങളും നയങ്ങളും പരിശോധിക്കാനും അതുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായം സർക്കാരിനോട് രേഖപ്പെടുത്താനും ഉള്ള സാഹചര്യം ലഭിക്കുന്നുണ്ട്. എന്നാൽ ഒടുവിൽ തീരുമാനം പക്ഷെ സര്കാരിന്റെതാകും.
ഈ ചട്ടം മൗലികാവകാശ ലംഘനമാണോ?
ഭരണഘടനയുടെ വകുപ്പ് 19 പ്രകാരം ഏതൊരു പൗരനും അവന്റെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള മൗലിക അവകാശം ഉണ്ട്. എന്നാൽ ഈ മൗലിക അവകാശത്തിനും ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധിക്കും. രാജ്യത്തിൻറെ സുരക്ഷ, അഖണ്ഡത, ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, പൊതുക്രമം, ധാർമികത, കോടതിയലക്ഷ്യം, അപമാനിക്കൽ, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ എന്നീ വിഷയങ്ങളെ മുൻനിർത്തി ഈ മൗലികാവകാശം നിയന്ത്രിക്കാൻ സാധിക്കും.
സർക്കാർ ഉദ്യോഗസ്ഥർക്കാർക്കായാലും മൗലികാവകാശങ്ങൾ ലഭ്യമാകുന്നത് തടയാൻ ഒരു നിയമം കൊണ്ട് മാത്രമേ സാധിക്കൂ എന്ന് ഈയ്യിടെ ത്രിപുര ഹൈക്കോടതി വിധിക്കുകയുണ്ടായി.
ഒരാൾ സർക്കാർ ഉദ്യോഗസ്ഥനാണ് എന്ന ഒറ്റ കാരണത്താൽ അയാളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ തടയാനാകില്ല എന്ന് കേരള ഹൈക്കോടതി 2018 ൽ നിരീക്ഷിക്കുകയുണ്ടായിട്ടുണ്ട്.