ഹരിത-ഊർജ്ജത്തിലേക്കുള്ള മാറ്റത്തിലെ സാമ്പത്തികപ്രശ്നം - Source: Business Line

ലോകം ഹരിത ഊർജ്ജത്തിലേക്ക് വേഗത്തിൽ മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയും ഇതേ മേഖലയിൽ മുന്നേറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഹരിത-ഊർജ്ജ വിപണികളിൽ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. എന്നാൽ അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കുകൾ പ്രകാരം ഹരിത-ഊർജ്ജത്തിലേക്കുള്ള മാറ്റം വരുന്ന രണ്ടു പതിറ്റാണ്ടിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള സർക്കാരിന്റെ വരുമാനത്തെ സാരമായി ബാധിക്കും. ഇത് രാജ്യത്തിൻറെ ഫിസ്കൽ സാഹചര്യത്തിന് വലിയ ആഘാതം സൃഷ്ടിച്ചേക്കും.

സാമ്പത്തികമായി രാജ്യം എത്രത്തോളം ഫോസിൽ ഇന്ധനങ്ങൾ ആശ്രയിക്കുന്നു?

  • ഇന്റർനാഷ്ണൽ എനർജി ഏജൻസിയുടെ കണക്കുകൂട്ടൽ പ്രകാരം 2040 വരെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വരുമാനം രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കും. എങ്കിലും രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിലേക്കുള്ള അവയുടെ വിഹിതം കാര്യമായ തോതിൽ കുറയും.
  • 2019 ലെ കണക്കുകൾ പ്രകാരം കേന്ദ്ര സർക്കാരിന്റെ മൊത്തവരുമാനത്തിന്റെ അഞ്ചിൽ ഒന്ന് ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ്.
  • രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും മൊത്തം വരുമാനത്തിന്റെ 13 ശതമാനം വരുന്നത് ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ്. ഇത് ജി.ഡി.പി.'യുടെ 3.2 % വരും.

ഹരിത-ഊർജ്ജത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ഫിസ്കൽ ആഘാതം.

  • കോവിഡ് മഹാമാരിയുടെ സമയത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സർക്കാർ പ്രധാനമായും ആശ്രയിച്ചത് ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്. ഹരിത-ഇന്ധനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ ഈ വരുമാനം വലിയതോതിൽ കുറയുന്ന സാഹചര്യമുണ്ടാകും.
  • നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഫോസിൽ ഇന്ധനത്തിൽ നിന്നുള്ള വരുമാനം നിലവിലെ 3.2 ശതമാനത്തിൽ നിന്നും 2030 ആകുമ്പോഴേക്കും 1.8 ശതമാനമായും 2040 ആകുമ്പോഴേക്കും 1 ശതമാനം ആയും കുറയും.
  • ഹരിത ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വലിയതോതിൽ സബ്‌സിഡികൾ നൽകേണ്ടി വരും. ഇത് സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഉയർത്തും.
  • സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം കൊടുക്കുന്നത് കേന്ദ്രത്തിന് ബുദ്ധിമുട്ടാകുകയും അത് സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കുകയും ചെയ്യും.