ഇന്ത്യ -യു.എ.ഇ നയതന്ത്ര സഹകരണം

വർഷങ്ങളായി ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം നിലനിർത്തി കൊണ്ടുവരുന്ന ഒരു രാജ്യമാണ് യുഎഇ. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഇടപെടലിൽ നിർണായക പങ്ക് വഹിക്കാനും ഇക്കാലയളവിൽ യുഎഇ ക്ക് കഴിഞ്ഞിട്ടുണ്ട്. അബുദാബിയിൽ ഈയിടെ പണി പൂർത്തിയായ ക്ഷേത്രം ഉൽഘാടനത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ചത് ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യു.എ.ഇ സന്ദർശനമാണിത്.

യു.എ.ഇ യുമായുള്ള ബന്ധം

  • 1972 -ലാണ് ഇന്ത്യ - യു എഇ നയതന്ത്ര ബന്ധം സ്ഥാപിച്ചത്.
  • 2015-ൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ തന്ത്രപരമായ പങ്കാളിത്തത്തിന് തുടക്കം കുറിച്ചപ്പോൾ ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ മുന്നേറ്റം കൈവരിച്ചു.
  • കൂടാതെ 2017- ലെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി അബുദാബി രാജകുമാരൻ ഇന്ത്യ സന്ദർശിച്ചത് ബന്ധം കൂടുതൽ ഊഷ്മളമാക്കി.

സാമ്പത്തിക ബന്ധങ്ങൾ

  • ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ് യുഎഇ.
  • പല ഇന്ത്യൻ കമ്പനികളും സിമന്റ് ,നിർമ്മാണ സാമഗ്രികൾ, തുണിത്തരങ്ങൾ, എൻജിനീയറിംഗ് ഉൽപ്പനങ്ങൾ മുതലായവയ്ക്ക് യുഎഇ യിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
  • നിരവധി ഇന്ത്യൻ കമ്പനികൾ ടൂറിസം, ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ്, ആരോഗ്യം തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

സാംസ്‌കാരിക ബന്ധങ്ങൾ

  • യു എ ഇ യിൽ 3.3 ദശലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്.
  • ഇന്ത്യൻ സിനിമ,സാഹിത്യങ്ങൾ തുടങ്ങിയവയ്ക്ക് യു എ ഇ യിൽ ആവശ്യക്കാർ ഏറെയാണ്.
  • ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.
  • ഇന്ത്യയുടെ ഊർജ സുരക്ഷയിൽ യു എ ഇ നിർണായക പങ്ക് വഹിക്കുന്നു. മംഗളുരൂവിലെ തന്ത്രപ്രധാനമായ ക്രൂഡ് ഓയിൽ സംഭരണ ശാലയിലെ നിക്ഷേപം പോലുള്ള കരാറുകൾ ഈ സുപ്രധാന മേഖലയിലെ സഹകരണത്തിൻ്റെ ആഴം അടിവരയിടുന്നു.
  • I2U2, ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനായി പോലുള്ള വിവിധ പ്രാദേശിക ഗ്രൂപ്പുകളിലും സംരംഭങ്ങളിലും ഇന്ത്യയും യു.എ.ഇയും സജീവമായി ഇടപെടുന്നുണ്ട്.

ഇന്ത്യ -യുഎഇ ബന്ധത്തിലെ വെല്ലുവിളികൾ

  • ഇന്ത്യൻ കയറ്റുമതിയെ ബാധിക്കുന്ന വ്യാപാര തടസ്സങ്ങൾ മൂലം സമീപവർഷങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ (പ്രത്യേകിച്ചും സംസ്കരിച്ച) 30 ശതമാനം ഇടിവ് വന്നു. സാനിറ്ററി, ഫൈറ്റോ സാനിറ്ററി നടപടികളും നിർബന്ധിത ഹലാൽ സാക്ഷ്യപത്രം പോലുള്ള നോൺ- താരിഫ് ബാരിയറുകളും ഇതിന് കാരണമായി.
  • കുറഞ്ഞ പലിശയ്ക്ക് വായ്പകൾ വാഗ്ദാനം ചെയ്യുന്ന ചൈനയുടെ "ചെക്ക് ബുക്ക് ഡിപ്ലോമസി" ഇന്ത്യൻ നയതന്ത്രത്തിന് വെല്ലുവിളിയാണ്.
  • അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചൈന ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ട്രാക്കറിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത് 2005നും 2020 നും ഇടയിൽ യുഎഇയിലെ ചൈനയുടെ നിക്ഷേപങ്ങളും കരാറുകളും 30 ബില്യൺ യുഎസ് ഡോളർ കവിഞ്ഞു എന്നാണ്.
  • പാക്കിസ്ഥാന് യു എ ഇ സാമ്പത്തിക പിന്തുണ നൽകുന്നത് ഫണ്ടുകളുടെ ദുരുപയോഗത്തെക്കുറിച്ച് ആശങ്ക ഉണർത്തുന്നു.

വെല്ലുവിളികളെ തരണം ചെയ്യാൻ ആവശ്യമായ നടപടികൾ

  • ജിസിസി (GCC) യിലെ രാജ്യങ്ങളുമായി മികച്ച ബന്ധം പിന്തുടരുക. ഈ രാജ്യങ്ങളുമായി യു എ ഇ ക്ക് ശക്തമായ സാമ്പത്തിക ബന്ധമുണ്ട്.
  • ലേബലിംഗ് ആവശ്യകതകൾ, ലൈസൻസിംഗ്, പെർമിറ്റുകൾ എന്നിവയെ സംബന്ധിച്ച സ്ഥിരമായ അപ്ഡേറ്റുകൾ രാജ്യങ്ങൾ പരസ്പരം കൈമാറണം.
  • "2+2 ഡയലോഗിന്റെ" സാധ്യത പരിശോധിക്കുക ഇത്തരം ഒരു പ്ലാറ്റ്ഫോമിന് രാഷ്ട്രീയപരവും തന്ത്രപരവുമായ കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും അതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും കഴിയും
  • തൊഴിൽ വ്യവസ്ഥയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഇന്ത്യ, യുഎഇയുമായി തന്ത്രപരമായി ഇടപെടേണ്ടതുണ്ട്.
  • പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധത്തിന് അടിവരയിടുന്നു. പുനരുപയോഗ ഊർജ മേഖലയിലെ സഹകരണം, പരമ്പരാഗത എണ്ണ കേന്ദ്രീകൃത മാതൃകകളിൽ നിന്നും മാറി സാമ്പത്തിക പരിവർത്തനത്തിന് വഴിയൊരുക്കും