കർഷകപ്രതിഷേധം

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുളള കർഷകർ കാർഷിക പ്രശ്നങ്ങളെ മുൻനിർത്തി പ്രതിഷേധത്തിലാണ്. മിനിമം താങ്ങുവില വർധിപ്പിക്കുക(MSP), സ്വാമിനാഥൻ കമ്മീഷൻ(2006) ശുപാർശക നടപ്പിലാക്കുക, കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ.

താങ്ങുവില

  • കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അതുവഴി അവരുടെ വരുമാനം സംരക്ഷിക്കുന്നതിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയാണ് മിനിമം താങ്ങുവില (Minimum Support Price)
  • 22 വിളകൾക്ക് എം എസ് പി നിശ്ചയിച്ചിട്ടുണ്ട്. ഖാരിഫ് വിളകളായ 14 എണ്ണത്തിനും 6 റാബി വിളകളും രണ്ടു വാണിജ്യവിളുകളും ഇതിൻറെ പരിധിയിൽ വരും . നെല്ല്, ഗോതമ്പ്, ബാർലി, ജോവർ, ബജ്ര ചോളം, റാഗി, നിലക്കടല, കടുക്, ടോറിയ, സോയാബീൻ, സൂര്യകാന്തി വിത്ത്, എള്ള്, കുങ്കുമം കരിഞ്ചീരകം, അസംസ്കൃത പരുത്തി, അസംസ്കൃത ചണം, കൊപ്ര, പുകയില തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് എം എസ് പി പരിരക്ഷ ഉണ്ട്.
  • ഇത് കൂടാതെ കരിമ്പിന് ന്യായവില (Fair and Remunerative Price FRP) പ്രഖ്യാപിക്കുന്നുണ്ട്.
  • അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസ് കമ്മീഷൻ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രഖ്യാപനം നടത്തുന്നത്.
  • വിത്ത്, വളം ,കീടനാശിനികൾ, പാട്ടത്തിനെടുത്ത് ഭൂമി, കൂലി, യന്ത്രം സാമഗ്രികൾ, ഇന്ധന ചെലവുകൾ തുടങ്ങിയവയെല്ലാം എംഎസ്പി കണക്കാക്കുമ്പോൾ പരിഗണിക്കുന്നു.

എം എസ് പി നിയമത്തിന്റെ ആവശ്യകത

  • കർഷകരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് മിനിമം താങ്ങുവില സംബന്ധിച്ച് നിയമം ഉണ്ടാക്കുക എന്ന്.
  • എം എസ് പി നിയമ വിധേയമാകുന്നത് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മിനിമം വില ലഭിക്കുമെന്നും വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് അവരെ സംരക്ഷിക്കുമെന്നും ഉറപ്പുവരുത്തുന്നു.
  • 2019 ലെ നബാർഡ് റിപ്പോർട്ട് (NABARD) അനുസരിച്ച് ഒരു കർഷകൻറെ ശരാശരി കടഭാരം ഒരു ലക്ഷം രൂപയിൽ കൂടുതലാണ്. 2014 ൽ 9.64 ലക്ഷം കോടി രൂപയായിരുന്ന കർഷകരുടെ മൊത്തം വായ്പ 2021- 2022 ൽ 23.44 ലക്ഷം കോടിയായി ഉയർന്നിട്ടുണ്ട്. എം എസ് പി കുറഞ്ഞതും പ്രഖ്യാപിത എംഎസ്പി ലഭിക്കാത്തതും കർഷകരുടെ കടബാധ്യത ഉയര്‍ത്തുന്നു. അതിനാൽ MSPയുടെ നിയമപരമായ ഗ്യാരണ്ടി ആവശ്യമാണ്.
  • പ്രവചനാതീതമായ വെള്ളപ്പൊക്കം, കടുത്ത വരൾച്ച, കാലം തെറ്റിയുള്ള മഴ, തീ തുടങ്ങിയവ മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിൽ നിന്ന് അല്പം എങ്കിലും ആശ്വാസം ലഭിക്കാൻ എംഎസിപി നിയമം വിധേയമാകേണ്ടിയിരിക്കുന്നു.
  • MSP നിയമവിധേയമാക്കുന്നത് കാർഷിക ഉൽപ്പാദനത്തിൽ നിക്ഷേപിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു.
  • സുസ്ഥിര കാർഷിക രീതികൾ സ്വീകരിക്കുന്നതിന് കർഷകർക്ക് പിന്തുണ നൽകാൻ എംഎസ്പി നിയമപരിരക്ഷ കൊണ്ട് കഴിയും.
  • ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സഹായകരമാവും.

MSP നിയമവിധേയമാക്കുന്നതിലെ വെല്ലുവിളികൾ

  • എം എസ് പി നിരക്കിൽ വിളകൾ സംഭരിക്കുന്നതിന് ഗണ്യമായി സാമ്പത്തിക സ്രോതസ്സുകൾ ആവശ്യമാണ് ഇത് സർക്കാരിന്റെ ധനസ്ഥിതിയെ ബാധിച്ചേക്കാം.
  • MSP നിയമവിധേയമാക്കുന്നത് കാർഷിക മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തിയേക്കാം
  • MSP പിന്തുണയുള്ള നെല്ല്, കരിമ്പ്, തുടങ്ങിയ വിളകൾ കൂടുതൽ ജലം ആവശ്യമായവയാണ്. ഇത് വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ ജലസ്രോതസ്സുകൾ അമിതമായി ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നു.
  • എം എസ് പി ഇതരവിളകളുടെ അവഗണനയ്ക്ക് കാരണമായേക്കാം. ഇത് പോഷക സമൃദ്ധമായ ഭക്ഷ്യവിളകൾ, പയർ വർഗ്ഗങ്ങൾ എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷി കുറിക്കുന്നതിന് ഇടയാക്കും.
  • MSP നിയമവിധേയമാക്കുന്നത് അന്താരാഷ്ട്ര വിപണിയിൽ മത്സരക്ഷമത കുറയ്ക്കും.
  • നിയമപരമായി ഉയർന്ന എം.എസ്.പി ഉറപ്പുനൽകുന്നതോടെ ലോക വ്യാപാര സംഘടനയിൽ(WTO) ഇന്ത്യക്ക് കടുത്ത എതിർപ്പ് നേരിടേണ്ടി വരും.

മുന്നോട്ടുള്ള വഴി

  • സ്വാമിനാഥൻ കമ്മിറ്റിയുടെ നിർദ്ദേശം നടപ്പിലാക്കുക ഉൽപാദനം ചെലവിനേക്കാൾ 50 ശതമാനം എങ്കിലും കൂടുതലായിരിക്കണം എം എസ് പി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
  • കർഷകൻ തന്റെ കുടുംബത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസ സേവനങ്ങൾക്കായി നടത്തുന്ന ശരാശരി ചെലവും എം എസ് പി നിർണയിക്കുമ്പോൾ കണക്കിൽ എടുക്കണം.
  • കർഷകരുടെ വരുമാനം വർധിപ്പിക്കുക. ഇതിനായി വിള വൈവിധ്യവക്കരണം പ്രോത്സാഹിപ്പിക്കുകയും ഉയർന്ന മൂല്യമുള്ള കാലാവസ്ഥ, പ്രതിരോധ വിളകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിന് സംഭരണ സൗകര്യങ്ങൾ, മാർക്കറ്റ് ഇൻഫർമേഷൻ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാർഷിക വിപണന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക.
  • ജലസേചന സൗകര്യങ്ങൾ, റോഡുകൾ, വൈദ്യുതീകരണം, സംഭരണ ശേഷികൾ തുടങ്ങിയ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിൽ പൊതു നിക്ഷേപം വർദ്ധിപ്പിക്കുക.
  • ചെറുകിട കർഷകർക്ക് വായ്പ, ഇൻഷുറൻസ്, മറ്റ് സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവ ലഭ്യമാക്കുക.
  • കർഷക സംഘാടനകൾ, സഹകരണ സ്ഥാപനങ്ങൾ, ഉൽപ്പാദകസംഘങ്ങൾ എന്നിവ ശക്തിപ്പെടുത്തുക.
  • വിളനാശം, പ്രകൃതിദുരന്തങ്ങൾ അല്ലെങ്കിൽ കമ്പോള ആഘാതങ്ങൾ പോലുള്ള ദുരന്തങ്ങളിൽ ദുർബലരായ കർഷക കുടുംബങ്ങൾക്ക് വരുമാനവും ഉപജീവന പിന്തുണയും നൽകുന്നതിന് ഇൻഷുറൻസ് പദ്ധതികൾ വിപുലീകരിക്കുക.
  • ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ഇന്ത്യയിലെ സാമൂഹിക സമത്വം വളർത്തുന്നതിനും ഇന്ത്യയിലെ കർഷകരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്.