സിബിഐയും അതിൻറെ പ്രവർത്തനവും

അടുത്തിടെ ഡിപ്പാർട്ട്മെൻറ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് (DOPT) അതിൻറെ വാർഷിക റിപ്പോർട്ടിൽ കേന്ദ്രാന്വേഷണ ഏജൻസിയായ സിബിഐ (Central Bureau of Investigation) മുമ്പാകെ നിലനിൽക്കുന്ന കേസുകളും ഉദ്യോഗസ്ഥാ ക്ഷാമവും എടുത്ത് കാണിച്ചിട്ടുണ്ട്.

സിബിഐ

  • ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയാണിത്. പേഴ്സണൽ പെൻഷൻ ആൻഡ് പബ്ലിക് ഗ്രിവൻസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
  • രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധക്കപ്പിലെ അഴിമതി കേസുകൾ അന്വേഷിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായപ്പോഴാണ് ബ്രിട്ടീഷ് ഗവൺമെൻറ് ഇതിന് രൂപം കൊടുത്തത്
  • 1963-ൽ സ്ഥാപിതമായ സിബിഐ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചാണ് ഭരിക്കപ്പെടുന്നത്.
  • അഴിമതി തടയുന്നതിനുള്ള സന്താനം (Santhanan) കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിതമായത്.സന്താനം കമ്മിറ്റി (1962 -64)
  • 1963-ലെ ഇന്ത്യ ഗവൺമെന്റിൻറെ ഒരു പ്രമേയത്തിലൂടെയാണ് ഇത് സ്ഥാപിച്ചത്. 1946-ലെ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ നിന്നാണ് അന്വേഷണത്തിനുള്ള അധികാരം ലഭിച്ചിട്ടുള്ളത്.
  • വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും സിബിഐ യെ ഒഴിവാക്കിയിട്ടുണ്ട്.

സിബിഐയുടെ അധികാര പരിധി

  • ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം ഏതെങ്കിലും സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിൽ ഒരു കേസ് അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്താൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.
  • കോടതികൾക്ക് സിബിഐ അന്വേഷണത്തിന് ഉത്തരവിടാനും അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കഴിയും.
  • കേന്ദ്രഭരണ പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങളുടെ അന്വേഷണം സിബിഐ സ്വമേധയാ ഏറ്റെടുക്കാം
  • പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന സുപ്രീംകോടതി ജഡ്ജി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സിബിഐ ഡയറക്ടറെ നിയമിക്കേണ്ടതെന്ന് ലോക്പാൽ നിയമം 2013 നിർദ്ദേശിക്കുന്നു.

ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും

  • ആഴത്തിലുള്ള അന്വേഷണത്തിലൂടെയും കുറ്റകൃത്യങ്ങളുടെ വിജയകരമായ പ്രോസിക്യൂഷനിലൂടെയും ഇന്ത്യൻ ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുക.
  • പോലീസ് സേനകൾക്ക് നേതൃത്വവും മാർഗ്ഗനിർദ്ദേശവും നൽകുകയും അന്തർസ സംസ്ഥാന, അന്തർദേശീയ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുകയും ചെയ്യുക
  • കൈക്കൂലി, പൊതു ടെൻഡറിലെ ക്രമക്കേടുകൾ, ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് സേനക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് സിബിഐ ആണ്.

സിബിഐയുടെ മുന്നിലെ വെല്ലുവിളികൾ

  • ജീവനക്കാരുടെ കുറവ് കാരണം കേസുകൾ തീർപ്പാക്കാൻ വൈകുന്നത് വലിയ പ്രശ്നമായി നിലനിൽക്കുന്നു. നിലവിൽ 1695 തസ്തികൾ ഒഴിഞ്ഞുകിടക്കുന്നു. 1025 കേസുകൾ ഇനിയും തീർപ്പു കൽപ്പിക്കാൻ ബാക്കി കിടക്കുന്നതായി വാർഷിക റിപ്പോർട്ടിൽ പറയുന്നു.
  • കുറ്റകൃത്യത്തിന്റെയും അഴിമതിയുടെയും മാറുന്ന സ്വഭാവം തിരിച്ചറിയുവാൻ കാലഘട്ടത്തിനനുസൃതമായ സാങ്കേതികവിദ്യ പരിജ്ഞാനവും ശേഷിയും ആവശ്യമാണ്.
  • ഒരു സംസ്ഥാനത്തിന്റെ അധികാരപരിധികുളിൽ നടന്ന കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സംസ്ഥാനങ്ങളുടെ മുൻകൂർ അനുമതി വേണ്ടിവരും. ഇത് ചിലപ്പോൾ അന്വേഷണത്തിൽ വെല്ലുവിളി ഉയർത്തിയേക്കാൻ സാധ്യതയുണ്ട്.

സിബിഐ യെ ശക്തിപ്പെടുത്താനുള്ള നടപടികൾ

  • ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിച്ചും പ്രവർത്തന ഏകോപനം ശക്തിപ്പെടുത്തിയും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താം.
  • ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ പരിശീലന സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തെ പിന്തുണക്കുന്ന ഇന്റർപോൾ ഗ്ലോബൽ അക്കാദമി നെറ്റ്‌വർക്കിൽ CBI ചേർന്നത് നല്ലൊരു ചുവടുവെപ്പാണ്. കൂടാതെ കൊൽക്കത്ത ,ചെന്നൈ മുംബൈ എന്നിവിടങ്ങളിൽ മൂന്ന് പ്രാദേശിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
  • സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ സമ്മതം നിർബന്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വ്യക്തത അധികാരപരിധി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സിബിഐ യുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.